മനസ്സിലേക്കൊരു സന്ദേശം
- - - - - - - - - - - - - - - - - - - - - -
"അപ്പാ "
ഇൻ ബോക്സിൽ അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോ പോസ്റ്റിലെ സംവാദം അവസാനിപ്പിച്ച്
ആകാംക്ഷയോടെയാണ് ആ സന്ദേശം തുറന്നത്.
"അപ്പാ ഞാനാ അല്ലു, അപ്പാ എന്നെ ആദ്യം ഒന്ന് ആഡ് ചെയ്തേ "
അപ്പോൾ ആണ് ഫ്രണ്ട് റിക്വസ്റ്റ് നോക്കിയത്.
ആൽവിൻ ജോൺ എന്ന പേരിൽ ഒരു റിക്വസ്റ്റ് ഉണ്ട്. അത് കൺഫോം ചെയ്ത് അവന്റെ പ്രൊഫൈലിൽ ഒന്നു കയറി നോക്കി.
2 വർഷം മുൻപാണ് അവനെ അവസാനം കണ്ടത്. കൂട്ടുകാരോടൊത്തുള്ള ഫോട്ടോയാണ് കവർ ഫോട്ടോ: പ്രൊഫൈൽ പിക്ചർ നല്ല ചിരിക്കുന്ന മുഖം. പന്ത്രണ്ട് വയസ്സേ ഉള്ളൂ അവന്.
"മോൻ എന്താ ഫേസ് ബുക്കിൽ "
"എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ട് FB -യിൽ
പക്ഷേ ഞാൻ അപ്പെക്കാ ആദ്യം റിക്വസ്റ്റ് അയച്ചത്. എനിക്കപ്പയോട് സംസാരിക്കാല്ലോ. മമ്മ അറിയില്ല "
"മോനിപ്പോ എവിടെയാ "
"ഞാൻ വീട്ടിൽ , എന്റെ റൂമിലാ ., ";
" മമ്മയോ?"
"അവർ താഴെ ഭക്ഷണം കഴിക്കുന്നുണ്ട്. "
"നീ കഴിക്കുന്നില്ലേ "
"ഞാൻ പിന്നെയേ കഴിക്കൂ "
"അതെന്താ "
" അവിടെ മമ്മേം, വാവേം അങ്കിളും അമ്മാമ്മേം എല്ലാവരും ഉണ്ട്. ഞാനവിടെ ആരാ അപ്പാ "
നെഞ്ചൊന്നു പിടഞ്ഞു.
" അപ്പാ ഞാൻ പിന്നെ വരാം".
മകൻ ഓഫ് ലൈനിൽ ആയപ്പോ ലാപ്ടോപ്പ് അടച്ചു വെച്ചു.
സ്വീകരണമുറിയിൽ നിന്നും ടിവിയുടെ ഒച്ച കേൾക്കാം. ചാനലുകൾ മാറി മറയുന്നു കൊണ്ടാകാം ഹിന്ദിയും മലയാളവും ഇംഗ്ലീഷും ഒക്കെ മാറി വരുന്നുണ്ട്.
നീന സീരിയലുകൾക്ക് അഡിക്ട് ഒന്നും അല്ല. പക്ഷേ സ്വന്തം പാർട്ടി പ്രവർത്തനങ്ങളെ മാത്രം ന്യായീകരിക്കാൻ വന്നിരിക്കുന്ന ന്യായീകരണക്കാരെ ഇഷ്ടമല്ലാത്തതു കൊണ്ട് വാർത്തയും വെക്കാറില്ല.
സെറ്റിയിൽ കിടന്നു ചാനൽ മാറ്റുന്നുണ്ട് എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമാണെന്നു് തോന്നുന്നു.
മൊബൈൽ എടുത്ത് പുറത്തേക്കിറങ്ങി. നിലാവ് ഇല്ലെങ്കിലും പുറത്ത് വൈദ്യുതി ബൾബ് നൽകുന്ന പ്രകാശം ഉണ്ട്. വെറുതെ നടക്കുവാൻ തോന്നി. അല്ലുവിന്റെ മുഖം തന്നെയാണ് മനസ്സിൽ. നെഞ്ചി ലവൻ പറ്റി ചേർന്നു കിടക്കുന്നുണ്ടെന്ന് തോന്നി.
നല്ല കുടുംബ ജീവിതം സ്വപ്നം കണ്ടു തന്നെയാണ് റാണിയെ വിവാഹം ചെയ്തത്.
പക്ഷേ വിവാഹത്തിന്റെ ആദ്യ ദിനം തൊട്ട് അത്ര സന്തോഷവതി ആയിരുന്നില്ല റാണി. അതവൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നിട്ട് ഒന്നും ആയിരുന്നില്ല. പഠിത്തം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. നല്ല ജോലിയൊക്കെ എടുത്ത് കുറച്ച് സമ്പാദിച്ച് തന്റെ ഇഷ്ടപ്രകാരം ഉള്ള ഒരാളെ തിരഞ്ഞെടുക്കണം എന്നായിരുന്നു ആശ.
എന്നാൽ തന്റെ ആലോചന ചെന്നപ്പോ വിവാഹത്തിന് വീട്ടുകാരുടെ സമ്മർദ്ദം മൂലം സമ്മതിച്ചതാണ്.
കലഹവും അഭിപ്രായവ്യത്യാസവും അല്ലു ഉണ്ടായിട്ടും മാറിയില്ല.
ജോലി സ്ഥലത്തെ ഒരാളുമായി റാണിക്ക് ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും അത് വിശ്വാസിച്ചിരുന്നില്ല.
പക്ഷേ ഒരു ദിവസം അയാളുടെ ഒപ്പം കാറിൽ വന്നിറങ്ങി ഒരു ദിവസം. അന്ന് ഇറക്കി വിട്ടതാണ്. അന്ന് അല്ലുവിനെ കൊണ്ടു പോയിരുന്നില്ല എങ്കിലും കുടുംബ കോടതിയിൽ കേസ് കൊടുത്ത് കുട്ടിയെ കൊണ്ടുപോയതാണ്. അന്ന് പരപുരുഷ ബന്ധം ആരോപിക്കാം എന്നല്ലാതെ തെളിയിക്കാൻ പറ്റില്ലാ എന്ന് വക്കീൽ ഉപദേശിച്ചു. കോടതി വരാന്തയിൽ വെച്ച് മകനെ കാണണ്ട എന്ന് തീരുമാനിച്ചു. വിളിക്കുന്നത് പോലും റാണി എതിർത്തിരുന്നു. വിവാഹ മോചന ഹർജിയും എതിർക്കാൻ പോയില്ല. മകനെ കാണണം എന്ന് തോന്നുമ്പോൾ സ്കൂൾ പരിസരത്ത് ചെല്ലും. അവൻ കാണാതെ അവനെ കണ്ട് മടങ്ങും.
പക്ഷേ ഇന്നിപ്പോ താനുമായി ബന്ധപെടാൻ അവൻ പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു.
പക്ഷേ അതിലൊക്കെ ഇരുന്നവൻ സമയം കളഞ്ഞാൽ? ഓർക്കുമ്പോൾ പിന്നെയും അസ്വസ്ഥമാവുകയാണ് മനസ്സ്.
"കഴിക്കുന്നില്ലേ "
ഭാര്യയുടെ വിളി കേട്ടു ഉള്ളിൽ കയറി. ഭക്ഷണം കഴിക്കുമ്പോൾ നിശബ്ദരായിരുന്നു രണ്ട് പേരും.
നീന ഒരു വിധവയായിരുന്നു. ഒരു കുഞ്ഞ് ഉണ്ട്. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നറിയിച്ചു. പക്ഷേ തന്റെ മകൻ കൂടെയില്ലാത്തതു കൊണ്ട് അവളുടെ മകളും കൂടെ വേണ്ട എന്ന് വെക്കണം എന്ന് പറഞ്ഞു.
നീന ആ ഓഫർ നിരസിച്ചു എങ്കിലും അവളുടെ ആങ്ങള നിർബന്ധിച്ചു. മകളെ നോക്കി കൊള്ളാം എന്നേറ്റു. പക്ഷേ മകളെ ബോർഡിംഗിൽ ആക്കേണ്ടി വന്നു.
റൂമിൽ വന്നു പ്രതീക്ഷയോടെ തന്നെ ലാപ്ടോപ്പ് തുറന്നു.
അല്ലു ഓൺലൈനിൽ ഉണ്ട്.
രണ്ട് Hai ഇൻബോക്സിൽ ഉണ്ട്.
"ഹായ് മോനു , കഴിച്ചോ "
"ഉം ."
"അവരൊക്കെ ഉറങ്ങിയോ?"
"ഇല്ല "
"അവിടെ എങ്ങനെ ഉണ്ട്"
"അവരെല്ലാം ഹാപ്പിയാ അപ്പാ, ഇടക്കൊക്കെ ട്രിപ്പ് പോവും, പുറത്ത് പോവും"
"മോൻ പോവാറില്ലേ "
" ഇല്ല അപ്പ"
" അങ്കിൾ എന്തും വാങ്ങി തരും, സ്പോർട്ട് സ് ക്ലബിലേക്കെ പോണുണ്ട്. ഞാൻ . പക്ഷേ എന്നോടൊന്നും മിണ്ടാറില്ല "
" മമ്മയോ"
"മമ്മക്ക് വാവാ , അജു അങ്ങനെ ഒക്കെ ഉള്ളൂ"
"നീ ഈ വിട്ടിലെ അല്ല എന്നാ അമ്മാമ്മ പറയുക "
"മോന് അപ്പയോട് ദേഷ്യം ഉണ്ടോ "
"എന്തിന്?"
" കൊണ്ടു പോകാത്തതിൽ "
" ഇല്ല അപ്പാ"
അവൻ അനുഭവിക്കുന്ന ഏകാന്തത വലുതാണ് എന്ന് തോന്നി.
പിറ്റേ ദിവസം ഓഫീസ് വിട്ടു നേരെ പോയത് നീനയുടെ മകളുടെ അടുത്തേക്ക് ആയിരുന്നു. ബോർഡിംഗ് അധികൃതരോട് കാര്യങ്ങൾ തീർത്തു. പക്ഷേ കുഞ്ഞ് ദിയക്ക് ഒരു അപരിചിതത്വം. അവിടുത്തെ ഗാർഡിയൻ ആയതു കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല. കുട്ടിയെ എടുത്ത് വണ്ടിയിൽ ഇരുത്തുമ്പോ ചോദ്യഭാവത്തിൽ ഒന്നു നോക്കി.
"മോളിനി അപ്പയുടെയും അമ്മയുടെയും കൂടെയാ"
വഴിയിൽ ഇറങ്ങി ഒരു കെട്ട് പൂക്കൾ വാങ്ങി അവൾക്ക് കൊടുത്തു.
അവൾക്ക് പൂക്കൾ വളരെ ഇഷ്ടമാണ് എന്നറിയാം. പിന്നെ ചായ പെൻസിലുകളും. അത് വാങ്ങി നല്കിയപ്പോൾ അവൾക്ക് സന്തോഷമായി. അവൾ വരച്ച ചിത്രങ്ങൾ നീനയുടെ മൊബൈലിൽ കണ്ടിട്ടുണ്ട്. രാത്രികളിലൊക്കെ നീന അടുത്ത് എന്തോ പരതുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
അന്ന് ചാനലുകൾ മാറി മറിഞ്ഞില്ല. പകരം പോഗോ കണ്ട് രസിച്ച് നീനയുടെ നെഞ്ചിൽ ദിയ ചാരി കിടന്നു. ഇടക്ക് അമ്മയും മകളും പൊട്ടിച്ചിരിച്ചു. അതിന് വല്ലാത്തൊരു ഭംഗിയുണ്ടെന്ന് തോന്നി.
രാത്രി അല്ലു ഓൺലൈനിൽ വന്നു.
" അപ്പാ ദിയയെ കൊണ്ടു വന്നല്ലേ "
"നീ എങ്ങനെ അറിഞ്ഞു "
"അതൊക്കെ അറിഞ്ഞു "
"അവരൊക്കെ എവിടെ "
" പുറത്ത് പോയിരിക്കുകയാ"
ഉറങ്ങി പോയ മകളെ കിടത്തി നീന പിന്നിൽ വന്നു നിന്നതറിഞ്ഞു. അവൾ ഒരു മൂളി പാട്ട് പാടുന്നുണ്ട്.
ഇൻബോക്സ് അടച്ചു
:അതേ നാളെ കോടതീൽ ഒരു പെറ്റീഷൻ മൂവ് ചെയ്യണം"
"എന്തിന് "
" അല്ലുവിനെ കിട്ടാൻ "
"അത് വേണ്ട"
"വേണം"
" എളുപ്പം അല്ല അത്, ഇത്രേം നാളും വളർത്തിയ അമ്മയിൽ നിന്നും മകനെ കോടതി വിട്ടു നൽകില്ല"
"സാഹചര്യം മാറി, അല്ലുവിന് തിരിച്ചറിയാനുള്ള പ്രായമായി. കോടതി അവന്റെ അഭിപ്രായം കൂടി മാനിക്കും"
നീന കട്ടിലിൽ കിടന്നു പുതപെടുത്ത് പുതച്ചു കൊണ്ട് പറഞ്ഞു.
" നടക്കുമോ"
" നടക്കും"
" അല്ലു കോടതിയിൽ പറഞ്ഞോളാം എന്ന് പറഞ്ഞിട്ടുണ്ട് "
"എപ്പോ "
" അതേ അല്ലു ഇപ്പോ FB യിൽ എന്റേം ഫ്രണ്ടാ"
നീന കണ്ണുകൾ അടച്ചു കഴിഞ്ഞു.
അമ്പട വീരാ എന്ന് മനസ്സിൽ പറഞ്ഞു. പുതപ്പിനുള്ളിലേക്ക് കയറുമ്പോൾ മഴയുടെ ശബ്ദം കേട്ടു . രാത്രിയുടെ നിശബ്ദതയിൽ അതിലൊരു സ്വാന്തനം ഉണ്ടെന്ന് തോന്നി. നീനയുടെ കരങ്ങൾക്കും!
എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ കണ്ണുകൾ അടച്ചു