സൂര്യ വിലാപം.
വളരെ നാളുകൾക്ക് മുൻപാണു്.
തന്റെ ചുറ്റും കറങ്ങുന്ന 9 ഗോളങ്ങളെയും സൂര്യൻ ഒന്ന് നോക്കി. (അന്ന് പ്ലൂട്ടോ ലിസ്റ്റിൽ ഉണ്ട് കെട്ടോ )
തന്നിൽ നിന്നും ആവശ്യത്തിന് മാത്രം ചൂട് കിട്ടാൻ പാകത്തിൽ ഒരു ഗ്രഹം.
സൂര്യൻ ഒന്നു കൂടെ സൂക്ഷിച്ചു നോക്കി.
പച്ചപട്ട് ഉടുത്ത ഒരു ലാവണ്യവതിയെ പോലെ കിടക്കുന്നു ഭൂമി. നദികളും തടാകങ്ങളും സാഗരങ്ങളും അരുവികളും അവളുടെ ആഭരണങ്ങൾ . പർവതങ്ങൾ അവളുടെ കിരീടങ്ങൾ;
കാറ്റ് പല ഭാവങ്ങളാൽ അവളുമായി സംവാദിക്കുന്നു. മഞ്ഞിന്റെ കുളിരിൽ അവൾ സുഖമായുറങ്ങുന്നു. മഴയിൽ നനഞ്ഞു കുതിരുന്നു.
മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അവൾ ഒരു അമ്മയെ പോലെ പരിപാലിക്കുന്നു '
എന്തോ ഭൂമിയുടെ സൗന്ദര്യത്തിൽ സൂര്യന് അസൂയ തോന്നി: തന്റെ ചൂട് കൂട്ടി ഭൂമിയെ ഒന്ന് ഉപദ്രവിച്ചാലോ എന്നു് തോന്നി കിരണങ്ങൾ ഭൂമിയിലേക്ക് അയച്ചു. പക്ഷേ പോണില്ലല്ലോ ഒരു പരിധിയിൽ അധികം. പിന്നീട് സൂര്യന് മനസ്സിലായി ഭൂമിയെ ഓസോൺ എന്ന ഒരു അദൃശ കവചം തന്റെ കൊടും ചൂടിൽ നിന്നും രക്ഷിക്കുന്നുണ്ട് എന്ന് .
സൃഷ്ടിതാവിനോട് ഈ വിവേചനത്തിന്റെ കാര്യം ചോദിക്കണം എന്ന് തീരുമാനിച്ചെങ്കിലും തൽക്കാലം വേണ്ടാന്ന് വെച്ചു.
ഭൂമിയിലുരുന്നു ഭൂമിയുടെ മക്കൾ തന്നെ വർണ്ണിക്കുന്ന പാട്ടീൽ സൂര്യൻ ആനന്ദം കണ്ടു.
പക്ഷേ കുറച്ചങ്ങ് കഴിഞ്ഞപ്പോഴാണ് സൂര്യനു് മനസ്സിലായത്. മനുഷ്യന് വീണ്ടുവിചാരം ഇല്ല. നാളേക്കായി ഒന്നും മാറ്റിവെക്കണം എന്നില്ല. ഭൂമിയില്ലേൽ ചൊവ്വായിലേക്ക്. അവർ അവളുടെ പച്ചപട്ട് വെട്ടി കീറി നശിപ്പിച്ചു , അവളുടെ ആഭരണങ്ങൾ വറ്റിച്ചു; കിരീടങ്ങൾ ഇടിച്ചു നിരത്തി. സ്വർണ്ണത്തിനും, വെള്ളത്തിനും മറ്റുമായി അവളുടെ നെഞ്ച് പിളർന്നു. അപ്പോഴും സഹിച്ചു കിടക്കുന്ന ഭൂമിയെ കണ്ട് സൂര്യനു് അവളോട് അലിവ് തോന്നി. സ്നേഹം തോന്നി.
പക്ഷേ വിഷമം കൊണ്ടോ വിറയൽ കൊണ്ടോ ഭൂമി ഇടക്കൊക്കെ ചാഞ്ചാടി, വിണ്ടുകീറി, സമുദ്രങ്ങൾ അതിർത്തി ലംഘിച്ച് കരയിലേക്ക് ഓടി കയറി.
ഇന്ന്, സൂര്യൻ നോക്കുമ്പോ
പച്ചപട്ട് കാണാനില്ല. വറ്റി വരണ്ടുപോയ ജലാശയങ്ങൾ, മലിനസമായ നീർതടാകങ്ങൾ, ശബ്ദം നിലച്ചുപോയ അരുവികൾ, ഗതി കിട്ടാത്ത പ്രേതത്തെ പോലെ അലയുന്ന കാറ്റ്, കാലം തെറ്റി പെയ്യുന്ന മഴ, മൃതപ്രായയെ പോലെ കിടക്കുന്ന ഭൂമിയെ കണ്ടപ്പോ സൂര്യന് അവളെ ഒന്നാശ്വാസിപ്പിക്കൻ തോന്നി. പക്ഷേ സൂര്യൻ ഒരു ഞെട്ടലോടെ അറിഞ്ഞു, തന്റെ ചൂടിനെ നിയന്ത്രിച്ചു വിടുന്ന ഓസോൺ എന്ന പുതപ്പും നശിപ്പിക്കപെട്ടിരിക്കുന്നു.
സ്വയം കത്താൻ മാത്രം വിധിക്കപെട്ട തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിൽ സൂര്യന്റെ മനം ഒന്നു കൂടെ ഉരുകി. ആ ചൂടിൽ ഭൂമി വെന്ത് പോയി!